2011, ജനുവരി 29, ശനിയാഴ്‌ച

പഴുത്


വെറിയൻ വാക്കേ
തെറിയൻ നാക്കേ
പറയാൻ തുടങ്ങുമ്പോൾ
പാതിര എന്നോ
പതിരായെന്നോ

വഴുതുന്ന വായന


ഇടത്തെപ്പേജിലെ കവിത
വായിക്കാ‍ൻ തുടങ്ങുമ്പോൾ
വലത്തെ പേജിലെ പരസ്യം
മുഖവും മുലയും കാ‍ട്ടി
കവിതയ്ക്കു മുമ്പിൽ
കയറി ത്രസിച്ചു നിൽക്കുന്നു
                      
പുരുഷനല്ലേ ഞാൻ-കോരി-
ത്തരിച്ചുപോവില്ലേ ഞാൻ

നയസമീപനം


ബുദ്ധാ
നീ,യുപേക്ഷിച്ചത്
കൊട്ടാരമാകയാൽ
അമ്മ , അച്ഛൻ,ഇണ,കുഞ്ഞെന്ന്
അറുതികെട്ട ദുരിതമോർത്തു
നീറേണ്ടതില്ലാ നിനക്കെന്നു
ഞാനെഴുതി,

എന്റേതു
വെറുംകൈയോടെ
അപ്പൻ മരിച്ചകുടിലും
ഉന്മാദത്തിൽനിന്നും മടങ്ങാത്തൊരമ്മയും
പുറത്തിറങ്ങനേ നടുങ്ങുന്ന പെങ്ങളും
ആകയാൽ
ആത്മഹത്യയ്ക്കുള്ള സ്വാതന്ത്ര്യവും
എനിക്കില്ലെന്നു പറയാൻ

കഥ മാറിടുന്നു
ഇന്നു നോക്കുമ്പോൾ
എനിക്കൊന്നുമങ്ങനെ
വെടിയുവാനാവില്ലെന്നു
കിനാവിന്റെ ചിറകിൽ
ഭയത്തിന്റെ ആഴമാണെന്നു
മറ്റൊരു കുറിപ്പു ഞാൻ
ബുദ്ധാ.

മരം ഒരു വരം


മുറ്റത്തു ഞാൻ
ഒരു മരം നടുന്നു.

ഫലം തന്നില്ലെങ്കിലും

വൃദ്ധനായി
വേണ്ടാതാവുമ്പോൾ

ഉടലിന്
ഒരു താഴ്ന്ന
കൊമ്പുണ്ടാവുമല്ലൊ

മാഞ്ഞുപോയത്


ഓർമയിൽ
ഒരു മയിൽ
കോൾമയിർ പോലെ.
മഴവെയിൽ കൊണ്ടങ്ങനെ.
വിസ്തൃതാകാശത്തിനു കീഴെ
മയിലാടും കുന്നിന്റെ
പച്ചച്ച ചരിവിൽ
ജീവിതാഹ്ലാദമായി...

ഡ്രസ്സിംഗ്


ഇറച്ചിക്കോഴികളെ
ഡ്രെസ്സു ചെയ്യുന്നതെങ്ങനെ
എന്നോർക്കുകയില്ല നാം

നന്നായി ഡ്രെസ്സു ചെയ്ത്
ഇറങ്ങിപ്പോകുമ്പോൾ

ആരുടെയോ
രുചികളിലേയ്ക്ക്
ചെന്നു പെടും വരെ

അപരം


എൻ സങ്കടങ്ങൾ തൻ
ഇരുട്ടു മൂടീട്ടു ഞാൻ
നിൻ സങ്കടങ്ങൾ തൻ
ഇരുട്ടു കാണ്മീലല്ലോ

നാം പോരടിപ്പതീ
ഇരുട്ടിലാകയാൽ
മുറിവും കാണ്മീലല്ലോ
തമ്മിലൊരു നോവിന്റെ
വെളിവും  കാണ്മീലല്ലോ.