2012 മാർച്ച് 23, വെള്ളിയാഴ്‌ച

2011 ഡിസംബർ 26, തിങ്കളാഴ്‌ച

തരംഗസിദ്ധാന്തം




തലങ്ങും വിലങ്ങും
കൂലങ്കഷമായിരുന്നു ചികഞ്ഞു:
  തരംഗമുണ്ടോ?
    തരംഗമുണ്ടോ?

തരംഗമുണ്ടായിരുന്നില്ല-

ഇല്ലെങ്കിൽപ്പിന്നെ
ഇടത്തൂട്ടും വലത്തൂട്ടും
പ്രബുദ്ധകേരളം
അന്തിച്ചും കുന്തിച്ചും
കൂട്ടവും വട്ടവും കൂടിയതെന്തിരിന്?

അതായത്
തരംഗമുണ്ടായിരുന്നുണ്ട്…

ഇടയ്ക്കതാ ഒരോരി:
   ‘ശരിക്കുമുണ്ടോ?’
        ‘ഇല്ലേ?’

-മാന്ദ്യസാഹിത്യതരംഗം
-മന്ദ്യരാഷ്ട്രീയതരംഗം
-മന്ദ്യബുദ്ധിത്തരംഗം
-മാന്ദ്യസമുദായതരംഗം

‘ഉണ്ട്/ഇല്ല ‘എന്ന
ദ്വന്ദ്വഗുസ്തിക്കിടയിൽ
മസിലുപിടുത്തം വന്ന്
അതാ കിടക്കുന്നു തരംഗം
ചോര വാർന്ന്…

“ചോര”എന്നു കേട്ടതും
തരംഗസിദ്ധാന്തത്തിനു
ഛിദ്രം സംഭവിച്ചതാവും
എന്നു ഓരി വീണ്ടും…

തരംഗസിദ്ധാന്തം
തിരണ്ടതാവാനും മതി
എന്നായി ഇടപെടൽ

അപ്പോൾ
തരംഗത്തിൽ നിന്നും
തരംഗമെടുത്താലും
തരംഗംശേഷിക്കുമെന്ന്
‘സാര’മേയം.                                 

2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വഴി കാണിക്കുക


കളിപ്പുസ്തകത്തിലെമുയൽക്കുട്ടന്
വഴി കാണിച്ചുകൊടുക്കാൻ
കാട്ടുകുന്നിൻ നെറുകയിലേയ്ക്ക്
പെൻസിലും കൊണ്ടു വന്ന മോൾക്ക്
പേടിയായല്ലോ
വഴി തെറ്റിയല്ലോ
വാതിലടഞ്ഞല്ലോ
ഒരു ഗർജ്ജനത്തിൽ തറഞ്ഞ്
കൂട്ടുകാരിക്കിളില്ല്ലാം
ഒറ്റപ്പറപ്പിന്നകന്നല്ലോ
ടീച്ചറന്മാരെല്ലാം വെളുവെളുത്ത്
വടി പിടിച്ച് കല്ലിച്ചല്ലോ
അഛനുമമ്മയും അസ്തമയത്തോളം
ദൂരദൂരത്തായല്ലോ

ഇപ്പോൾ
മുയൽക്കുട്ടൻ അവളുടെ ഉള്ളിലാണ്

പിറ്റേന്നല്ലേ കാഴ്ച
കാമ’റ ക്കണ്ണുകളേ
ആഘോഷിപ്പീൻ
ചോര വാർന്നു കിടക്കുന്നുണ്ടവൾ
നിങ്ങളുടെയൊക്കെ കാൽക്കൽ

2011 ജൂൺ 27, തിങ്കളാഴ്‌ച

വീണ്ടെടുക്കപ്പെടാതെ....

പ്രണയത്തെക്കുറിച്ച് ഒരുപാടെഴുതി:
ജീവിതമെനിക്ക് എഴുതിത്തീരാത്ത
പ്രണയലേഖനമാണെന്നും
ബഷീറിന്റെ പ്രേമലേഖനത്തിനകത്തു വച്ച്
എന്നെ നിനക്കു തരുന്നുവെന്നും
എന്റെ ഹൃദയഭൂമിയിൽ
ഊറുന്ന വിഷത്തെ
പ്രണയമെന്നോതി തരുന്നീലയെന്നും...

പ്രണയത്തിനൊരമ്പലം പണിയണമെന്നും
ഓരോ രതിയും അർച്ചനയാക്കണമെന്നും...

പ്രണയം ഒരു ഭൂമികുലുക്കിപ്പക്ഷിയാണെന്നും
ഒരു തിരുമാലിച്ചെറുക്കന്റെ കല്ലേറിൽ
വീണു പിടയുകയേയുള്ളുവെന്നും...

നിരവധി
വിരുദ്ധങ്ങളായി.

ഇപ്പോൾ
പ്രണയത്തെക്കുറിച്ച്
വീണ്ടെടുക്കപ്പെടാത്ത ജഡമെന്നല്ലാതെ
ഒന്നും എഴുതാനാവുന്നില്ല.

2011 മേയ് 30, തിങ്കളാഴ്‌ച

തീവണ്ടിയാത്രയിൽ പ്രണയചിന്തകൾ


എന്റെ ദൂരങ്ങൾ താണ്ടി
നിന്നിലേയ്ക്ക് വരികയല്ലോ ഞാൻ
നെഞ്ചുകീറിവിളിച്ചും
ആർത്തട്ടഹസിച്ചും
പാഞ്ഞുനിന്നു കിതച്ചും
തല വച്ച കവിതയുടെ
രക്ത ലിപികൾ എത്രയോ തവണ
വായിച്ചൊരീ തീവണ്ടിയിൽ,
രക്തവുംമാംസവുമായ കവിതകൾ 
അകമേ വായിച്ചും
പ്രണയമെന്ന പദം കൊണ്ടു 
നിന്നെ സ്മരിച്ചും...
ഇറങ്ങുകയാ,ണതതിടങ്ങളിൽ
തെറ്റിയും -കയറിയോരൊക്കെ,
കേറീട്ടിറങ്ങാതെപ്പൊഴും
നീയെന്റെയുള്ളിലെന്നു
നിനക്കായ്ക്കുറിച്ചും...

എന്നും വൈകുന്ന വരവുകൾ
ഏതോ ദുരൂഹ തിരോധാനത്തിന്റെ
ആഗ്നേയ വായുവിൻ തിരയിളക്കങ്ങൾ
വിശ്വാസത്തിൻ പാളങ്ങൾ 
വിണ്ടകലുന്ന തേങ്ങലുകൾ
ജീവിതം കിടന്നലതല്ലുമോർമകൾ
മായ്ച്ചുകളയുമുഷ്ണനിദ്രയുടെ നാടകം
നെഞ്ചുകീറിക്കടന്നുപോവുന്നുണ്ട്
ഏതോ ഒരു ഉഷ്ണവാഹനം
അസംബന്ധനദികൾക്കുമുകളിലൂടെ
വരികയല്ലോഞാൻ
എന്നു നിനച്ചിരിക്കെ
ആരോ എടുത്തുചാടുന്നു
ഉഷ്ണയാത്രവിട്ട്
ജീവിതത്തിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ നിന്നും...
     പിന്നെ,
അമ്മവിലാപത്താൽ
നെഞ്ചിറകുരുങ്ങുന്നതും
ആഴവുമാണ്മയുമഛനും
പടരുന്നതും,വ്യഥ-
വേവലാതിയും പെങ്ങളും
തിളച്ചുതൂവുന്നദ്വീപു കണുന്നതും
സങ്കടപ്പാലങ്ങൾ ഞെട്ടിപ്പിടയുന്നതും...

ഭയന്നോടുകയാണു തീവണ്ടി
'കടകടാകട'യെന്നു
ജനനമരണങ്ങളുടെ
തീപ്പെട്ടകവിതപോൽ
ഇരുൾ ജലാശയങ്ങൾ തുരന്ന്
ഭൂമിയുടെ ഞരമ്പിലൂടെ....

2011 മാർച്ച് 23, ബുധനാഴ്‌ച

തിരക്കിൽ തിടുക്കത്തിൽ


ചൂളം വിളിച്ചെത്തുന്ന
റയിൽ‌പ്പാളം മുറിച്ചുകടക്കുന്നത്ര വേഗത്തിൽ
മുഖം തരാതെ പോകുന്ന സുഹൃത്തേ
കണ്ണില്ലാത്ത തീവണ്ടിപോലെ
ഞാൻ വന്നു മുട്ടുകയില്ല
അടിയിൽ‌പ്പിടയുന്ന ജീവനെന്നപോലെ
ഒന്നും പിടിച്ചെടുക്കുകയുമില്ലല്ലോ
ഒരു ചിരിയോ ഒരു വാക്കോ അല്ലാതെ
നഷ്ടപ്പെടാൻ ഒന്നുമില്ലാതിരിക്കെ
ജീവിച്ചിരിക്കുകയെന്നപോലെ
മറ്റൊന്ന് ഇല്ലാതിരിക്കെ
മുഖത്തു പതിഞ്ഞുപോയ
ഏതോ വെറുപ്പ് തമ്മിൽ പായിച്ച്
രണ്ടു വഴിക്കു വഴുതുവാൻ
നമുക്ക് ഈ വഴി എന്നല്ല
ഏതു കുണ്ടനിടവഴിയും ധാരാളം എന്നിരിക്കെ
ഒരു ഫൊട്ടോഗ്രാഫിൽ പോലെ
നാം മുറിച്ചു കടന്ന റോഡ്
ഉയിരിൽ തണുത്തുറഞ്ഞിരിക്കുന്നത്
എന്തിനാവുമോ ആവോ?

2011 ജനുവരി 29, ശനിയാഴ്‌ച

പഴുത്


വെറിയൻ വാക്കേ
തെറിയൻ നാക്കേ
പറയാൻ തുടങ്ങുമ്പോൾ
പാതിര എന്നോ
പതിരായെന്നോ

വഴുതുന്ന വായന


ഇടത്തെപ്പേജിലെ കവിത
വായിക്കാ‍ൻ തുടങ്ങുമ്പോൾ
വലത്തെ പേജിലെ പരസ്യം
മുഖവും മുലയും കാ‍ട്ടി
കവിതയ്ക്കു മുമ്പിൽ
കയറി ത്രസിച്ചു നിൽക്കുന്നു…
                      
പുരുഷനല്ലേ ഞാൻ-കോരി-
ത്തരിച്ചുപോവില്ലേ ഞാൻ

നയസമീപനം


ബുദ്ധാ
നീ,യുപേക്ഷിച്ചത്
കൊട്ടാരമാകയാൽ
അമ്മ , അച്ഛൻ,ഇണ,കുഞ്ഞെന്ന്
അറുതികെട്ട ദുരിതമോർത്തു
നീറേണ്ടതില്ലാ നിനക്കെന്നു
ഞാനെഴുതി,

എന്റേതു
വെറുംകൈയോടെ
അപ്പൻ മരിച്ചകുടിലും
ഉന്മാദത്തിൽനിന്നും മടങ്ങാത്തൊരമ്മയും
പുറത്തിറങ്ങനേ നടുങ്ങുന്ന പെങ്ങളും
ആകയാൽ
ആത്മഹത്യയ്ക്കുള്ള സ്വാതന്ത്ര്യവും
എനിക്കില്ലെന്നു പറയാൻ…

കഥ മാറിടുന്നു
ഇന്നു നോക്കുമ്പോൾ
എനിക്കൊന്നുമങ്ങനെ
വെടിയുവാനാവില്ലെന്നു
കിനാവിന്റെ ചിറകിൽ
ഭയത്തിന്റെ ആഴമാണെന്നു
മറ്റൊരു കുറിപ്പു ഞാൻ
ബുദ്ധാ….

മരം ഒരു വരം


മുറ്റത്തു ഞാൻ
ഒരു മരം നടുന്നു.

ഫലം തന്നില്ലെങ്കിലും

വൃദ്ധനായി
വേണ്ടാതാവുമ്പോൾ

ഉടലിന്
ഒരു താഴ്ന്ന
കൊമ്പുണ്ടാവുമല്ലൊ…

മാഞ്ഞുപോയത്


ഓർമയിൽ
ഒരു മയിൽ
കോൾമയിർ പോലെ.
മഴവെയിൽ കൊണ്ടങ്ങനെ.
വിസ്തൃതാകാശത്തിനു കീഴെ
മയിലാടും കുന്നിന്റെ
പച്ചച്ച ചരിവിൽ
ജീവിതാഹ്ലാദമായി...

ഡ്രസ്സിംഗ്


ഇറച്ചിക്കോഴികളെ
ഡ്രെസ്സു ചെയ്യുന്നതെങ്ങനെ
എന്നോർക്കുകയില്ല നാം

നന്നായി ഡ്രെസ്സു ചെയ്ത്
ഇറങ്ങിപ്പോകുമ്പോൾ

ആരുടെയോ
രുചികളിലേയ്ക്ക്
ചെന്നു പെടും വരെ

അപരം


എൻ സങ്കടങ്ങൾ തൻ
ഇരുട്ടു മൂടീട്ടു ഞാൻ
നിൻ സങ്കടങ്ങൾ തൻ
ഇരുട്ടു കാണ്മീലല്ലോ

നാം പോരടിപ്പതീ
ഇരുട്ടിലാകയാൽ
മുറിവും കാണ്മീലല്ലോ
തമ്മിലൊരു നോവിന്റെ
വെളിവും  കാണ്മീലല്ലോ.

2011 ജനുവരി 3, തിങ്കളാഴ്‌ച

പനി പിടിച്ച പ്രണയം


നിന്നെപ്പിരിഞ്ഞു ഞാൻ വണ്ടികയറുമ്പോൾ
പൊള്ളുന്ന പനിയായിരുന്നു
ഓർമയും ചിന്തയും ജീവനും മോഹവും
പൊള്ളിപ്പനിക്കുകയായിരുന്നു
മരണം മുഖത്തുമ്മ വച്ചപോലെ
പൊള്ളിപ്പനിക്കുകയായിരുന്നു

പൊട്ടിത്തകരുമൊരു തലനോവുകാളവെ
രാവിന്റെ മാറിൽ തിളച്ചു ഞാൻ മറിയവെ
ഓർമ്മതൻ രഥമോടിയെത്തിനിൽക്കുന്നു
പ്രണയം വിരിഞ്ഞൊരപ്പകലിൻ കിനാവിൽ

നിന്നെ ഞാനീവഴി കാണാഞ്ഞുവെങ്കിൽ
എന്തെന്തു നഷ്ടമയ്ത്തീർന്നേനെ
നീയെന്റെ ജീവനിൽ പൂക്കാഞ്ഞുവെങ്കിൽ
എന്തെന്തിരുട്ടാകുമയിരുന്നു
നീ വന്നു കൊഞ്ചിത്തുളുമ്പാഞ്ഞുവെങ്കിൽ
ദു:ഖഗ്രീഷ്മത്തിൽ ഞാൻ തീർന്നേനെ
നീ വന്നരികത്തിരിക്കാഞ്ഞുവെങ്കിൽ
ഞാനെത്ര ഏകാകിയായേനെ
നീ ചിരിച്ചപ്പോൾ എന്നിൽ വസന്തം
നീ മൊഴിഞ്ഞപ്പോൾ എന്നിലാഘോഷം
വിഷാദവിഷത്തിന്റെ വീടുപേക്ഷിച്ചു ഞാൻ
നിന്നിൽ വന്നപ്പോൾ പ്രണയസുഗന്ധം
മരുഭൂവിൻ പാപങ്ങൾ താണ്ടിവന്നപ്പോൾ
നിന്നിലെൻ വസതിയുടെ നിത്യസുഗന്ധം
വേദനകൾ നിന്നോടു ഞാനുരുകിമൊഴിയവെ
ലോകമൊക്കെ കേൾപ്പതായല്ലൊ തോന്നി
നിന്നെ ഞാൻ നേടിയ ഭാഗ്യമധുനാളിൽ
ലോകമൊക്കെനേടിയെന്നു തോന്നി
നിന്നെ ഞാൻ പ്രേമിച്ചുസ്വർഗ്ഗമായ്ത്തീരവെ
ഈ ലോകമാകെ സ്നേഹിപ്പതായ് ത്തോന്നി
ആവില്ല നിന്നെ സ്നേഹിക്കാതിരിക്കാൻ
നീയെന്റെ ജീവിതമാവുന്നുവല്ലൊ-
പ്രതീക്ഷിക്കുവാനൊരാളുണ്ടെന്നുവന്നാൽ
ജീവിക്കുവാനെന്തൊരാവേശമെന്നോ…


ജീവിതം പോലെ തളർന്നൊരപ്പാതയിൽ
ഒരു വാക്കുമില്ലാതെ പ്രണയം കഴിഞ്ഞു.
മനസ്സിന്നിരുടിലൊരു പുഷ്പം കറുത്തു;
താങ്ങുവാനരുതാത്തവിജനത മനസ്സിൽ
കൂടുപോയ്,കൂട്ടും;അനാഥന്റെയഗ്നിയിൽ
നിന്റെ പ്രണയം പാടിക്കുയിലും മരിച്ചു.
വക്കുകളൊക്കെയും കയ്ക്കുന്നു നാവിൽ
പനി പിടിച്ചൊരുപാടു മോഹിച്ച പ്രണയം

രക്താർബുദം കൊണ്ടൊരപ്പകലിനറുതിയിൽ
നിന്നെപ്പിരിഞ്ഞു ഞാൻ വണ്ടികയറുമ്പോൾ
മരണം മുഖത്തുമ്മ വച്ചപോലെ
പൊള്ളിപ്പനിക്കുകയായിരുന്നു.
                      
                   ഡി. യേശുദാസ്

2010 ഡിസംബർ 6, തിങ്കളാഴ്‌ച

പള്ളിക്കൂടംകാലത്തെ മണങ്ങൾ

ഉച്ചയ്ക്കു ക്ലാസ്സിൽ
വിശപ്പു തിളച്ചുമറിയുമ്പോൾ
എല്ലാത്തിനേയും ആവേശിച്ചുകൊണ്ട്
മീൻ-സാമ്പാർ മണങ്ങൾ കടന്നുവന്ന്
ഞങ്ങൾ പിൻബഞ്ചുജീവികളെ
ക്രൂരമായി ആക്രമിക്കുന്ന
ഒരു കാലമുണ്ടായിരുന്നു.

അതിന്റെ കൊതിപ്രാന്തിലിരിക്കുമ്പോഴായിരിക്കും
ടാർ തിളയ്ക്കുന്ന ഗന്ധം
‘ഘൂം…‘എന്നു തലച്ചോറിലാകെ പടരുന്നത്
പിന്നെ മദമിളകിയ പാലയ്ക്കോ
ടീച്ചർമാരുടെ സെന്റിനോ
മണമുണ്ടാവില്ല.
പെൻസിൽ,മഷി,മഷിത്തണ്ട്,പുസ്തകം
ഒക്കെച്ചേർന്നുള്ള ക്ലാസ്സ്മുറി മണവും
ഉണ്ടവില്ല.
എന്നിൽ ഞാനറിയുന്നൊരു
നനഞ്ഞവാടയും…

മിക്കപ്പോഴും നമ്മൾ
[പെരുംവെയിൽ മണത്തോ
കൊടുംമഴ രുചിച്ചോ
പുകഞ്ഞ് പുറത്തോ
ആയിരുന്നല്ലോ!
-തണലത്തോ കുടയത്തോ
തുടുത്തകത്തോ ആയിരുന്നല്ലോ
അവരൊക്കെ….

ക്ലാസ്സിൽകിട്ടിയാൽ
എല്ലാംകൊണ്ടും പിന്നിലായിരുന്നതിനാൽ
…‘കെളയ്ക്കാൻപോടോ…’
എന്നാക്ഷേപിച്ചൊരാക്രോശങ്ങൾ
മറക്കാവതോ ?-
കൃഷിയെക്കൂടെ വെറുപ്പിച്ച്
അന്നവർ കാതിനു പിടിച്ചപ്പോഴൊക്കെ മണത്തത്
ഇറച്ചിയോ മീനോ സാമ്പാറോ
-പിന്നീടെല്ലാം നാം തർക്കിച്ചതല്ലെ ?

ഇന്നിപ്പോൾ എല്ലാം മാറി.
ഇടവഴിയിലൂടെ,വയൽവരമ്പിലൂടെ,
മൺപാതകളിലൂടെ നടന്നെത്തിയ നമ്മൾ
ടാർ തിളയ്ക്കുന്ന വഴിയിലൂടെ ചിതറി-
ച്ചിതറിപ്പിരിഞ്ഞൂ , എങ്ങെന്നില്ലാതെ…
പിന്നെന്തെല്ലാം മണങ്ങൾ,നാറ്റങ്ങളിലേയ്ക്കും
നാം കൂമ്പടഞ്ഞുപോയി

അക്ഷരങ്ങൾ പോലെതന്നെ
കൂട്ടുകാർ പകുത്ത പൊതിച്ചോറിന്റെ
അൻപും രുചിയും അണയുകയില്ല
ഇനിയൊരിക്കലും ;ആ മണവും…

മയിൽ‌പ്പീലിയുടെയും വളപ്പൊട്ടിന്റെയും
മഞ്ചാടിയുടെയും ഓർമകളൊന്നും
നമുക്കുണ്ടായിരുന്നില്ലല്ലോ
-പീരുമുഹമ്മദേ, വിജയാ, വിൽസാ…
അന്നത്തെ വഴികളിൽ
തേനും തീനും ആഹ്ലാദവുമായിക്കാത്തുനിന്ന
മരങ്ങളായിരുന്നു നമ്മുടെ തണുപ്പുകൾ
-മുറിയ്ക്കപ്പെട്ടവർ

എങ്കിലുമന്നൊക്കെ
ടാർതിളയ്ക്കുന്ന ഗന്ധത്തെയും തോല്പിച്ച്
കുടലിൽനിന്നും നാവിൽ അള്ളിപ്പിടിച്ചിരുന്ന
വിശപ്പിന്റെ വരണ്ടൊരു ഗന്ധമുണ്ടായിരുന്നില്ലേ
അതാണിന്നുവരേയ്ക്കും
ഓടിച്ചോടിച്ചുപോന്ന കവിതയെന്നും
രുചികളിൽ മുറിഞ്ഞു പോകാതെ കാത്ത പാഠമെന്നും
ഓർക്കാതെ, പറയാതെ വയ്യാ
-ഒറ്റയ്ക്കും തെറ്റയ്ക്കും യത്രയ്ക്കും
പാതിരാവിലും ആശുപത്രിയിലും
കണ്ടു പിടയുമ്പോൾ…







2010 നവംബർ 21, ഞായറാഴ്‌ച

വിഘടനം

വീട്
ഒരു ഗ്യാസ് ചേമ്പറാണെന്ന്
എഴുതി വച്ചിട്ട്
അവൾ ഇറങ്ങിപ്പോയി

എല്ലാം നിശ്ചയിക്കുന്ന
അവന്റെ തലച്ചോറും ഹൃദയവും
തീ പിടിച്ച്
വിടു കത്തിയമർന്നു

രണ്ടുഷ്ണഗ്രഹങ്ങൾ
ഒരു പ്രസ്ഥാനത്തിലും
അഡ്മിഷൻ കിട്ടാതെ…

2010 നവംബർ 6, ശനിയാഴ്‌ച

അഭിപ്രേരണ



ഉറങ്ങാൻ കിടക്കുന്നേരം
ഒരു കിടിലൻ കല്പന വന്ന്
ഉശിരൻ മുട്ടു മുട്ടിയപ്പോൾ
മുട്ടുമടക്കി എഴുന്നേറ്റതാണ്

ഒന്നുമില്ല
ഓർത്തപ്പോൾ ഓർമയിൽ

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ
മേഘങ്ങൾക്കിടയിലുണ്ട്
ചന്ദ്രക്കീറ്
അത്രതന്നെ

ഉറക്കവുംകെട്ടുവെന്നു മാത്രം


2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ശല്യമായിത്തീരാറുള്ള ചില സ്വപ്നങ്ങൾ അഥവ ചില അരാഷ്ട്രീയക്കാഴ്ചകൾ




മറന്നുപോകുന്നൊരു പേര്

രാത്രി
ഇടവഴിക്കുത്തിറക്കത്തിൽ‌പ്പോലെ
ഓർമ്മ
ചിലപ്പോൾ തപ്പിത്തടയുന്നത്

എവിടെങ്കിലും വച്ചുകാണുമ്പോൾ മാത്രം
“ആരായിത്..അറിയുമോ”എന്ന്
ഇനിച്ചു പതയുന്നത്

ഭക്തിയോടെ സുഖം നുണയുന്നതിനിടെ
ഓർത്താലോ :  “ഹൊ,ആ ചോദ്യം-
ആ പൂണ്ടടക്കിപ്പിടുത്തം
ഉടുമ്പിനെപ്പോലെ”
വെറുപ്പ് ഓക്കാനിക്കുന്നത്

“ശല്യം കേറിവരാൻകണ്ട സമയം”എന്ന്
അസമയത്തെ അതിഥിയെപ്പറ്റി ഉള്ളുരയ്ക്കുന്നത്
എന്നലോ
ഒഴിവാക്കാനാകാത്ത പിരിവുകാരോടുള്ള
ചിരി ചിരിച്ചുകൊണ്ട്
“വാ ഇരി “എന്നിങ്ങനെ നുരയുന്നത്
ഒന്നു കണ്മറഞ്ഞാൽ മതി
‘പിന്നെ ഇതില്ലാത്തത് കൊണ്ടാണിനി”എന്ന്
പുറങ്കാലുകൊണ്ടു വാതിൽതട്ടി അരിശമാറ്റുന്നത്

ഒരു ചെയ്ഞ്ചിനുവേണ്ടി
വല്ല സെമിനാറിലോ ചർച്ചയിലോ
കവിയരങ്ങിനോ അകപ്പെടുമ്പോൾ
അങ്കലാപ്പോടെ ഉയർന്നു വരുന്നത്

ചിലപ്പോൾ മാത്രം
ആരായിരിക്കും
ഒറ്റുകൊടുത്തത്
ആ സ്വപ്നത്തെ
ഇനി
ഞാനയിരിക്കുമോ എന്ന്
കാരമുള്ളിന്റെ തറഞ്ഞുക്കേറ്റമ്പോലെ
വിചാരണ തുടങ്ങുന്നത്



2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ആത്മകഥയിൽ നിന്നും ഒഴിവാക്കപ്പെടുന്നവ...

പത്താന്തരം കഴിഞ്ഞപ്പോൾ
“ഇവനും ജയിച്ചോടേയ്... “
എന്നധ്യാപകൻ

പാരലൽകോളേജിൽ
പഠിപ്പിച്ചിറങ്ങുമ്പോൾ
“ഓട്ടോ ഡ്രൈവറാണോ...”
എന്നൊരു രക്ഷിതാവ്

ഒരു വൻ കോൺക്രീറ്റുവിദ്യാലയത്തിന്റെ
കോറിഡോറിൽ വച്ച്
“പ്യൂണാണോ“
എന്നൊരു വിസിറ്റർ

മറവിയുടെ ഏമ്പക്കമിട്ട്
ബസ്സ് സ്റ്റേഷനിൽ ഒരു കുട്ടി
ഓർത്തെടുക്കുന്നു
“എവിടെയോ കണ്ടിട്ടുണ്ടല്ലോടേയ്...”

കവിത കേട്ടിട്ടൊരാൾ:
“എന്തു ചെയ്യുന്നു...”
   “അധ്യാപകനാണ്...”
“എൽ പി യിലായിരിക്കും...“
  “ അല്ല “
“യു പി യിലായിരിക്കും..“
   “ അല്ലല്ല “
“എച്ച് എസ്സിലായിരിക്കും...“
   “ അല്ലെന്നേയ്...“
“അപ്പോ പിന്നെ ട്യൂട്ടോറീലായിരിക്കും...‘




2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കവിത

പുസ്തകത്താളിൽ
ആരും തുറക്കാത്തതിനാൽ
പൊരുന്നിരുന്ന കവിത
സ്വപ്നങ്ങൾ പെറ്റുകൂട്ടി.
ഇപ്പോൾ നടക്കാൻ വയ്യ
ഇരിക്കാനുംഉറങ്ങാനും വയ്യ
അക്ഷരമോരോന്നും
സ്വപ്നങ്ങളായി
ഇരമ്പിയെത്തുകയാണെപ്പോഴും....